രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8356 ആയി: ജീവൻ നഷ്ടപ്പെട്ടത് 273 പേർക്ക്


ന്യൂഡൽഹി: മഹാമാരിയിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം 273 ആയി. ആകെ 8356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 34 പേർ മരിക്കുകയും 909 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ ആയിരത്തിന് മുകളിൽ പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ആശ്വാസകരമാണ്. അതേ സമയം മഹാരാഷ്ട്രയിൽ സ്ഥിതി കൂടുതൽ ഗുരുതരമായി തുടരുകയാണ്. ധാരാവിയിൽ മാത്രം ഇതുവരെ നാല് പേർ മരിക്കുകയും 28 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 

അതേ സമയം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടാനാണ് ധാരണ. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി വീണ്ടും തുടങ്ങിയേക്കും. കേന്ദ്ര മന്ത്രിമാരും ജോയിന്റ് സെക്രട്ടറി തലം മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരും നാളെ മുതൽ ഓഫീസുകളിലെത്തണമെന്ന് നിർദ്ദേശിച്ചതായാണ് വിവരം. മുതിർന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ മൂന്നിലൊന്ന്  ജൂനിയർ ഉദ്യോഗസ്ഥരും സ്റ്റാഫുകളുമുണ്ടാകും. സാമൂഹിക അകലവും, കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചാകും നടപടി. 

You might also like

  • Straight Forward

Most Viewed