ഇറാൻ−യുഎസ് പോരിന് പിന്നാലെ എണ്ണവില കുതിച്ചുയർന്നു

ന്യൂഡൽഹി: ഇറാൻ കമാൻഡർ ഖാസിം സുലൈമാനി ഉൾപ്പടെ എട്ട് പേർ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ വിമാനത്താവളത്തിന് സമീപത്തുവച്ചാണ് അമേരിക്കയുടെ റോക്കറ്റ് ആക്രമണത്തിൽ ഇറാൻ കമാൻഡറും സംഘവും മരിച്ചത്. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 4.4 ശതമാനം ഉയർന്നത്. വരും ദിവസങ്ങളിലും ക്രൂഡ് ഓയിൽ വില ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യൻ മേഖലയിൽ നിന്നാണ്. ഇവിടെ യുദ്ധസമാന സാഹചര്യമുണ്ടാകുന്നത് ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയെ കാര്യമായി സ്വാധീനിക്കും.