ഡൽഹിയിലും ശ്രീനഗറിലും അതിശൈത്യം തുടരുന്നു

ന്യൂഡൽഹി: ഡൽഹിയിലും ശ്രീനഗറിലും അതിശൈത്യം തുടരുന്നു. ഇതിൽ ഡൽഹിയിലാണ് അസ്ഥിമരവിക്കുന്ന രീതിയിലുള്ള തണുപ്പ് അനുഭവപ്പെടുന്നത്. 2.4 ഡിഗ്രിയാണ് രാജ്യതലസ്ഥാനത്ത് പുലർച്ചെ രേഖപ്പെടുത്തിയ താപനില. വരും ദിവസങ്ങളിലും സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 1901ന് ശേഷം ഡൽഹിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ താപനിലയാണ് ഇപ്പോഴെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മൂടൽമഞ്ഞ് ജനജീവിതം ദുഃസഹമാക്കിയിട്ടുണ്ട്. റോഡ്, റെയിൽ, വ്യോമ ഗതാഗതമെല്ലാം താറുമാറായി. 24 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. നാല് വിമാനങ്ങൾക്ക് ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ശ്രീനഗറിലും സ്ഥിതി വ്യത്യസ്ഥമല്ല. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തണുപ്പാണ് താഴ് വരയിൽ അനുഭവപ്പെടുന്നത്. ജലാശയങ്ങളെല്ലാം ഒഴുക്ക് നിലച്ച അവസ്ഥയിലായി. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ലഡാക്ക്, പഹൽഗാം എന്നിവടങ്ങളിലാണ് തണുപ്പ് രൂക്ഷം.