കണ്ണൂരിൽ ഗവർണർക്ക് നേരെ യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി

കണ്ണൂർ: ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്− കെഎസ്്‍യു പ്രവർത്തകർ. പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴിയാണ്പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് ഗവർണർ പ്രസ്താവന നടത്തിയതിനെത്തുടർന്നാണ് പ്രതിഷേധം. ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിൽ നിന്നും ഗവർണരെ മാറ്റി നിർത്തണമെന്ന് നേരത്തെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് ഗവർണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കൾ വ്യക്തമാക്കി. അതേസമയം ഗവർണർ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് കെ. സുധാകരൻ എം.പിയും കണ്ണൂർ കോർപ്പറേഷൻ മേയറും ചരിത്ര കോൺഗ്രസിൽ നിന്ന് വിട്ട് നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.