ഫാത്തിമ ലത്തീഫിന്റെ മരണം: സുദര്‍ശന്‍ പത്മനാഭന്‍ ഐ.ഐ.ടി വിടരുതെന്ന് നിര്‍ദ്ദേശം

ചെന്നൈ: ഐ.ഐ.ടി വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിതാവിന്റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ മൊഴി രേഖപ്പെടുത്തിയത്. നോർക്ക ഓഫീസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട് ഐഐടി വിട്ട് പുറത്തുപോകരുതെന്ന് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. സുദർശനാണ് തന്റെ മരണത്തിന് കാരണക്കാരിൽ ഒരാളെന്ന് ഫാത്തിമ ഫോണിൽ കുറിച്ചുവച്ചിരുന്നു.
ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കെതിരേ തങ്ങളുടെ കൈവശമുള്ള തെളിവ് കുടുംബം അന്വേഷണ സംഘത്തിന് കൈമാറി.
മരണത്തിന് മുമ്പുള്ള 28 ദിവസങ്ങളിൽ ഫാത്തിമ ഗാലക്സി നോട്ടിൽ കുറിച്ചുവച്ചിരുന്ന വിവരങ്ങളും കുടുംബം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 28 പേജുകളുള്ള ഈ വിവരങ്ങൾ തെളിവായി പരിഗണിക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഫാത്തിമയുടെ പിതാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത്.