ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു: പിന്തുണയുമായി എ.ബി.വി.പി

ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർദ്ധനയ്ക്കെതിരെയുള്ള ജെ.എൻ.യു വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ ഇടപെടുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.
അതേസമയം ഇന്ന് ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗം കരട് ഹോസ്റ്റൽ മാനുവൽ പാസാക്കിയതായാണ് സൂചന. എക്സിക്യൂട്ടീവ് കൗൺസിൽ യോഗം നടക്കേണ്ടിയിരുന്ന കൺവൻഷൻ സെന്റർ രാവിലെ മുതൽ വിദ്യാർത്ഥികൾ ഉപരോധിച്ചു. വിസി അടക്കമുള്ളവർ യോഗത്തിന് എത്താത്തതിനെ തുടർന്ന് പ്രതിഷേധം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കു മാറ്റി. യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അദ്ധ്യാപക പ്രതിനിധികളും വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തി. ക്യാംപസിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ബി.വി.പി ഇന്ന് യുജിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.