ഉന്നാവോ പെൺകുട്ടിയെ ഡൽഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി; അമ്മാവനെ തീഹാർ ജയിലിലേക്ക് മാറ്റും
ന്യൂഡൽഹി: ഉന്നാവോ പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി. പെൺകുട്ടിയുടെ ചികിത്സ ലക്നോവിൽ തന്നെ മതിയെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലിയില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. നേരത്തെ വ്യോമമാർഗം പെൺകുട്ടിയെ ലക്നോവിൽ നിന്ന് ഡൽഹിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പെൺകുട്ടിയുടെ കുടുംബത്തോട് ആലോചിച്ച് മാത്രമേ നടപ്പിലാക്കാവൂ എന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ കുടുംബം തങ്ങളുടെ തീരുമാനം അറിയിച്ചത്.
എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസങ്ങളില്ലെന്ന് ലക്നൗ കിങ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം 25 ലക്ഷം രൂപ യു.പി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറി.

