ലോകത്തിലെ ഏറ്റവും വില കൂടിയ പെയിന്റിങ് ആയ 'സാൽവത്തോർ മുണ്ടി' സൗദി കിരീടാവകാശിയുടെ ബോട്ടിൽ


വാഷിംഗ്ടൺ:  ലോകത്തിലെ ഏറ്റവും വില കൂടിയ യേശുവിന്റെ ഛായാചിത്രം(സാൽവത്തോർ മുണ്ടി) സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ബോട്ടിൽ. ലണ്ടനിലുള്ള ആർട്ട് ഡീലറായ ശാസ്ച്ചറാണ് ഈ വിവരം പുറത്തുവിട്ടത്. ആർട്ട് ന്യൂസ് എന്ന വെബ്സൈറ്റിലൂടെയാണ് ശാസ്ച്ചർ ഈ വിവരം പുറത്തുവിടുന്നത്. രാജകുമാരന്റെ വിനോദയാനത്തിലാണ്(യാട്ട്) പെയിന്റിങ് സൂക്ഷിച്ചിരിക്കുന്നത്. 
മഹാചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചി വരച്ചതെന്ന് കരുതപ്പെടുന്ന ഈ ചിത്രം ഇരുട്ടിൽ നിന്നും യേശു ക്രിസ്തു ഉയർന്ന് വരുന്ന രീതിയിലുള്ളതാണ്   2017 ലാണ് ഇത് വിറ്റുപോകുന്നത്. ചിത്രത്തിൽ ഒരു കൈ ഉയർത്തി അനുഗ്രഹിക്കുന്ന രീതിയിലും മറ്റേ കൈയിൽ സുതാര്യമായ ഭൂമിയുമേന്തിയ യേശുവിനെ ആണ് കാണുന്നത്. ഈ ചിത്രം ഇന്ന് വരെ പുറത്ത് പ്രദർശിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഇത് ഡാവിഞ്ചി തന്നെ വരച്ചതാണോ എന്നും, ഇതിന്റെ യഥാർത്ഥ ഉടമ ആരാണെന്നും, ഇത് എവിടെ നിന്നും വന്നുവെന്നും ഇപ്പോഴും സംശയങ്ങളുണ്ട്. 
ഇത് ഡാവിഞ്ചിയല്ല വരച്ചതെന്നും അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന സഹായികളാണ് ചിത്രം വരച്ചതെന്നും വിദഗ്ധർ പറയുന്നുണ്ട്. സൗദി രാജകുമാരനായ ബാദർ ബിൻ അബ്‌ദുള്ളയാണ് ഈ ചിത്രം ആദ്യമായി വാങ്ങിക്കുന്നത്. മുഹമ്മദ് ബിൻ സൽമാന് വേണ്ടിയാണ് ബാദർ ഈ ചിത്രം വാങ്ങുന്നത്. എം.ബി.എസ് എന്ന സൽമാന്റെ ഇനീഷ്യലുകളാണ് വാങ്ങിയ ആളിന്റെ പേരായി രേഖകളിൽ കാണുന്നത്. എന്നാൽ റിയാദിൽ നിന്നും ഈ വിവരത്തിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. 
സാൽവത്തോർ മുണ്ടി' കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പിന്നീടാണ് ചിത്രം കഷ്ടപ്പെട്ട് പുനർനിർമ്മിച്ചതെന്നും അതുകൊണ്ടുതന്നെ അൽപ്പം കടൽവെള്ളം വീണുവെന്ന് കരുതി ചിത്രത്തിന് ഒന്നും സംഭവിക്കില്ലെന്നും ശാസ്ച്ചർ പറയുന്നു. പെയിന്റിങ് ഇപ്പോൾ ബോട്ടിൽ സൂക്ഷിച്ചിരിക്കുകയാണെങ്കിലും പിന്നീട് ഇത് സൗദി ഗവർണറേറ്റ് ആയ അൽ ഉലയിലേക്ക് മാറ്റുമെന്നും ശാസ്ച്ചർ പറയുന്നു.

You might also like

Most Viewed