സിനിമാരംഗത്തെ സ്ത്രീകൾക്കായി ഡബ്ല്യു.സി.സിയുടെ 'ബെസ്‌റ്റ് പ്രാക്ടീസസ് മാന്വല്‍'

കൊച്ചി: മലയാളത്തിന് പുറത്തുള്ള ചലച്ചിത്ര മേഖലകളിലെ ഭാഷാഭേദമന്യെ ഇന്ത്യയിലെ മുഴുവന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ക്ഷേമം ലക്ഷ്യമാക്കി ഡബ്ല്യുസിസി 'ബെസ്റ്റ് പ്രാക്ടീസസ് മാന്വല്‍' (അനുകരണീയ മാതൃകകളുടെ സമാഹരണം) പുറത്തിറക്കുന്നു. ഭാഷാഭേദമന്യെ ഇന്ത്യയിലെ മുഴുവന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ള മാന്വല്‍ വരുന്ന ഡിസംബറിൽ പുറത്തുവരും. രണ്ട് ദിവസമായി കൊച്ചിയില്‍ നടന്ന സംഘടനയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സംവാദത്തിലാണ് തീരുമാനം.
രണ്ട് ദിവസങ്ങളിലായി നടന്ന സംവാദങ്ങളില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് സിനിമാ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും ആശയവിനിമയം നടത്തി. ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാ മേഖലകളില്‍ വനിതകള്‍ നേരിടുന്ന പ്രതിസന്ധികളുടെ സാമ്യം തിരിച്ചറിഞ്ഞാണ് എല്ലാവരെയും മുന്നില്‍ക്കണ്ടുള്ള മാന്വല്‍ തയ്യാറാക്കാനുള്ള തീരുമാനത്തിലേക്ക് സംഘടന എത്തിയത്. ചെന്നൈയിലുള്ള യു.എസ് കോണ്‍സുലേറ്റ് ജനറലിന്റെ കൂടി സഹായത്തോടെ തിരുവനന്തപുരത്തെ സഖി വിമെന്‍സ് റിസോഴ്‌സ് സെന്ററാണ് ഡബ്ല്യുസിയോടൊപ്പം ഈ ലക്ഷ്യത്തില്‍ ഒപ്പമുള്ളത്.
കൊച്ചിയില്‍ അവസാനിച്ച സംവാദത്തിന് തുടര്‍ച്ചയായി വരുന്ന സപ്‌റ്റംബറില്‍ ചെന്നൈയില്‍ അടുത്ത കോണ്‍ഫറന്‍സ് നടക്കും. കൊച്ചിയിലേതുപോലെ മറ്റ് സിനിമാ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന ചര്‍ച്ചകളുടെകൂടി വെളിച്ചത്തിലാവും ഡിസംബറോടെ മാന്വല്‍ പുറത്തുവരിക. ഇത്തരത്തിലൊരു മാന്വല്‍ തയ്യാറാവുന്നതിന് പിന്നാലെ അത് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തും.
സിനിമാരംഗത്തെ സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരുകള്‍ക്ക് പോലും കാര്യക്ഷമമായി കഴിയാത്തതിന് പിന്നില്‍ അതേക്കുറിച്ച് കൃത്യമായുള്ള വിവരങ്ങളുടെ ലഭ്യതക്കുറവ് ഒരു കാരണമാണ്. പുറത്തുവരാനിരിക്കുന്ന ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടൊഴികെ അത്തരത്തിലുള്ള രേഖകളൊന്നും നിലവിലില്ലെന്നാണ് ഡബ്ല്യു.സി.സിയുടെ വിലയിരുത്തല്‍.
രണ്ട് ദിവസങ്ങളിലായി നടന്ന സംവാദങ്ങളില്‍ സ്വര ഭാസ്‌കര്‍, വൃന്ദ ഗ്രോവര്‍, ഗുനീത് മോംഗ, ഫൗസിയ ഫാത്തിമ, നമിത നായക്, മഹീന്‍ മിര്‍സ, നമ്രത റാവു, മിരിയം ജോസഫ്, ദിവ്യ വിജയ്, ആശ ജോസഫ്, രേവതി, മഞ്‌ജു വാര്യര്‍, പാര്‍വ്വതി, ബീനാ പോള്‍, അഞ്‌ജലി മേനോന്‍, പദ്‌മപ്രിയ, വിധു വിന്‍സെന്റ്, മാലാ പാര്‍വ്വതി, സജിതാ മഠത്തില്‍, ദിവ്യ ഗോപിനാഥ്, കനി കുസൃതി തുടങ്ങിയവര്‍ പങ്കെടുത്തു.