മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്കയില്ല: വാരണാസിയിൽ അജയ് റായ് കോൺഗ്രസ് സ്ഥാനാർത്ഥി


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. വാരണാസിയിൽ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ മോദിയോട് മണ്ധലത്തിൽ ഏറ്റുമുട്ടി 75,000 വോട്ടുകൾ നേടിയ അജയ് റായ് തന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ സ്ഥാനാർത്ഥി. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പറ്റി ഇന്ന് രാവിലെയും കോൺഗ്രസ് നേതാക്കന്മാർ സൂചനകൾ തന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉടൻ തന്നെ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നത് ശരിയായ സന്ദേശമല്ലെന്നാണ് യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. തുടർന്നാണ് പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയത്.

മോദിയുടെ സിറ്റിംഗ് മണ്ധലമായ വാരണാസിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സൂചന നൽകിയിരുന്നു. താൻ മത്സരിച്ചാൽ എന്താ എന്ന് പറഞ്ഞ് പ്രിയങ്കയും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി പറഞ്ഞാൽ താൻ മത്സരിക്കുമെന്ന് വയനാട്ടിൽ വച്ച് പ്രിയങ്ക പ്രഖ്യാപിച്ചതോടെ വാരണാസിയിലെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചതാണ്. എന്നാൽ അപ്രതീക്ഷിതമായാണ് മണ്ഡലത്തിൽ എസ്.പി. ബി.എസ്.പി സഖ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. തുടർന്നാണ് പ്രിയങ്കയെ വാരണാസിയിൽ മത്സരിപ്പിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed