റോൾസ് റോയിസ് ഫാന്റം 8ന് ഇന്ത്യയിൽ ആരാധകർ വർദ്ധിക്കുന്നു

ന്യൂഡൽഹി : പ്രമുഖ ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയിസ് അവതരിപ്പിച്ച ഫാന്റം 8 മോഡലിന് ഇന്ത്യയിൽ ആരാധകർ ഏറുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് റോൾസ് റോയിസ് ഏറ്റവും അധികം വിൽപ്പന നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ കള്ളിനൻ, ഫാന്റത്തിന്റെയും ഗോസ്റ്റിന്റെയും പരിഷ്കരിച്ച പതിപ്പുകൾ, റാത്ത്, ഡോൺ എന്നീ മോഡലുകളും റോൾസ് റോയിസ് ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് അറിവ്.
ചെന്നൈയിലാണ് എട്ടാം തലമുറ ഫാന്റത്തിന്റെ അവതരണം നടന്നത്. 1925ൽ പിറവിയെടുത്ത ഫാന്റം ഒന്നാമനിൽ നിന്നും എട്ടാം തലമുറയിലേയ്ക്ക് വളർന്നപ്പോൾ മുൻഗാമിയിൽ നിന്ന് പൊക്കവും വീതിയും നേരിയതോതിൽ കൂടിയിട്ടുണ്ട്. അതിമികവുള്ള സ്പേസ്ഫ്രെയിം ഫ്ളാറ്റർ ഫോമിലാണ് ഈ എസ്.യു.വിയുടെ നിർമ്മാണം. മുന്നിലെ വലിയ ഗ്രിൽ ഏറെ ആകർഷകമാക്കുന്നു. ഡേടൈം റണ്ണിംഗ് ലൈറ്റിന്റെ കൂട്ടുള്ളതാണ് എൽ.ഇ.ഡി ഹെഡ്ലാന്പ്. മുന്നിൽ 600 മീറ്റർ വരെ മികച്ച വെളിച്ചം നൽകുന്ന ലേസർ ടെക്നോളജിയാണ് ഹെഡ്ലാന്പിൽ ഉപയോഗിച്ചിട്ടുള്ളത്.
ഇരു ഡോറുകളും ഓട്ടോമാറ്റിക്കായി തുറക്കാവുന്ന ബട്ടൺ അകത്ത് കാണാമെന്നത് മികവാണ്. നാല് ഡോറുകളും ഓട്ടോമാറ്റിക്കായി ഒന്നിച്ച് അടയ്ക്കാനുള്ള ബട്ടൺ പുറത്തും കാണാം. എൽ.ഇ.ഡി ലൈറ്റുകൾ, ക്രോംഫിനിഷ്ഡ് എക്സ്ഹോസ്റ്റർ എന്നിവയുമായി ലളിതമായാണ് പിൻഭാഗം സജ്ജീകരിച്ചിരിക്കുന്നത്. സീറ്റുകളും ഇൻസ്ട്രുമെന്റ് പാനലും സ്റ്റിയറിംഗ് വീലും ഹെഡ്റെസ്റ്റുമെല്ലാം ഏറെ ആകർഷകമാക്കുന്നു.
പുതിയ 6.75 ലിറ്റർ, വി12 എഞ്ചിനാണ് ഫാന്റത്തിൽ ഉള്ളത്. 563 ബി.എച്ച്.പി കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ 5.4 സെക്കൻഡ് മതി. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. എട്ട് ഗിയറുകൾ. ഇന്ത്യയിൽ 9.50 കോടി രൂപയാണ് ഫാന്റം എട്ടാമന്റെ എക്സ്ഷോറൂം വില.