സോഷ്യൽ മീഡിയയിൽ മതിമറന്ന ഭാര്യയെ ഭർത്താവ് കൊന്നു

ന്യൂഡൽഹി : ഗുരുഗ്രാമിൽ ഫേസ്ബുക്കിനും വാട്സ് ആപ്പിനും അടിമയായ ഭാര്യയെ ഭർത്താവ് കൊന്നു. കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന കാരണത്താലാണ് ഭാര്യ ഉറങ്ങിക്കിടക്കുന്പോൾ കൊലപാതകം നടത്തിയത്. ഗുരുഗ്രാമിലെ സെക്ടർ 32ലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് ലക്ഷ്മിയെ (32) ഭർത്താവ് ഹരിഓം (35) സെക്ടർ 32ലെ സരെ ഹോം ഫ്ളാറ്റിൽ വെച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലർച്ചെ മകളെ സന്ദർശിക്കാനായി ലക്ഷ്മിയുടെ അച്ഛൻ ബൽവാത്ത് സിംഗ് എത്തിയപ്പോൾ ലക്ഷ്മി കട്ടിലിൽ മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്. പിതാവ് ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഹരിഓമിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കന്പ്യൂട്ടർ റിപ്പയർ ഷോപ്പിന്റെ ഉടമയാണ് ഹരിഓം.
2006ൽ വിവാഹിതരായ ഹരിഓം− ലക്ഷ്മി ദന്പതികൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ആദ്യ വർഷങ്ങളിൽ കുടുംബം സമാധാനപരമായാണ് മുന്നോട്ട് പോയതെന്നും എന്നാൽ താൻ ലക്ഷ്മിക്ക് സ്മാർട്ട് ഫോൺ വാങ്ങിക്കൊടുത്തതാണ് എല്ലാപ്രശ്നങ്ങൾക്കും കാരണമെന്നും ഹരിപറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഫോൺ ലക്ഷ്മിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം വരുത്തി. ഇതോടെ തന്നെയും കുട്ടികളെയും ലക്ഷ്മി അവഗണിക്കാൻ തുടങ്ങിയതായും വീട്ടുജോലികൾ പോലും ചെയ്യാതെ രാത്രിയും പകലും ഫോണിൽ തന്നെ മുഴുകി. ഇതോടെ 8 വയസ്സുള്ള മകനെയും 10 വയസ്സുള്ള മകളെയും ബോർഡിംഗ് സ്കൂളിലേക്ക് മാറ്റി. എന്നാൽ കുട്ടികളെ അസാന്നിദ്ധ്യം പോലും ലക്ഷ്മിയെ ബാധിച്ചില്ലെന്നും ഫോണിൽ ചിലവഴിക്കുന്ന സമയം കൂടുകയാണ് ചെയ്തതെന്നും ഹരി പറയുന്നു. സോഷ്യൽ മീഡിയ വഴി ലക്ഷ്മിക്ക് പ്രണയബന്ധം ഉള്ളതായി തനിക്ക് സംശയം ഉണ്ടായിരുന്നെന്നും ഇതേ ചൊല്ലി വ്യാഴാഴ്ചരാത്രി ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായതായും ഹരി പറയുന്നു. തുടർന്ന് ഉറങ്ങാൻ പോയ ഭാര്യയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.