കഠ്്വ സംഭവം : ജമ്മു കാശ്മീർ സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി : കഠ്്വയിൽ കൂട്ടബലാത്സംഗക്കേസിൽ സുപ്രീംകോടതി ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. പെൺകുട്ടിയുടെ കുടുംബത്തിനും ഇവരുടെ അഭിഭാഷകയ്ക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. കേസിന്റെ വിചാരണ ജമ്മുകാശ്മീരിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും പിതാവ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഈ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. പിതാവിന് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദ്രാ ജയ്‌സിംഗാണ് ഇന്നലെ കോടതിയിൽ ഹാജരായത്.
കഠ്്വ കേസിന്റെ വിചാരണ ഇന്ന് ജമ്മുക്കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് പിതാവ് വിചാരണ ചണ്ധീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജമ്മു കാശ്മീർ പോലീസ് നടത്തിയ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ശാസ്ത്രീയമായാണ് പോലീസ് അന്വേഷണം നടത്തിയതെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആഗസ്റ്റ് 27 ന് കേസ് ഇനി സുപ്രീംകോടതി പരിഗണിക്കും. അതേസമയം, കേസിന്റെ വിചാരണ ഏപ്രിൽ 28ലേക്ക് മാറ്റി. കേസിന്റെ വിചാരണ കാശ്മീരിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം, കേസിൽ നുണപരിശോധന നടത്തണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു.
നുണപരിശോധന നടത്തിയാൽ എല്ലാം വ്യക്തമാകും. നുണപരിശോധനയാണ് തങ്ങളുടെ ആവശ്യമെന്നും കഠ്്വ കേസിലെ പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കഠ്്വ ജില്ലയിലെ രസാനയിൽനിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്.
ബക്കർവാൽ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി വീടിനടുത്ത് കുതിരയെ തീറ്റാൻ പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. ദിവസങ്ങൾക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തിൽനിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തി. ക്രൂരമായ ബലാംത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ട് ഇടിയേറ്റ് തകർന്ന നിലയിലായിരുന്നു.