ജി.എസ്.ടി ചവറ്റുകുട്ടയിൽ എറിയണമെന്ന് കമൽഹാസൻ

ചെെന്നെ : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയേയും (ജി.എസ്.ടി) നോട്ട് നിരോധനത്തെയും രൂക്ഷമായി വിമർശിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ രംഗത്ത്. എല്ലാ മേഖലയിലും മോശമായി ബാധിച്ച ജി.എസ്.ടി ചവറ്റുകുട്ടയിൽ എറിയണമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പാർട്ടി രൂപികരിച്ചതിന് പിന്നാലെ ഈറോഡ് ജില്ലയിൽ നടത്തിയ പര്യടനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനം നല്ല തീരുമാനമായിരുന്നെങ്കിലും അത് നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ് രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് കമൽഹാസൻ പര്യടനം ആരംഭിച്ചത്. ജനങ്ങളുടെ ക്ഷേമം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി.
മദ്യനിരോധനം ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാനാകുന്ന കാര്യമല്ല. ജനങ്ങളെ അതിനെക്കുറിച്ച് മനസിലാക്കിയ ശേഷം മാത്രമേ പൂർണമായും മദ്യ നിരോധനം സാധ്യമാകുകയുള്ളു. അങ്ങനെയല്ലെങ്കിൽ ജനങ്ങൾ ലഹരിക്കായി മറ്റു വഴികൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.