മഹാരാഷ്ട്രയിൽ കർഷകരുടെ പ്രതിഷേധം

മുംബൈ : മഹാരാഷ്ട്രയിൽ വൻ കർഷക പ്രക്ഷോഭം. കർഷകരുടെ കടങ്ങൾ പൂർണമായും എഴുതി തള്ളണമെന്നും കർഷകർ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയുമാണ് കർഷകരുടെ പ്രതിഷേധം. സി.പി.എം കർഷക സംഘടനയായ ആഖില ഭാരതീയ കിസാൻ സഭയാണ് (എ.ബി.കെ.എസ്) പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ചൊവ്വാഴ്ച നാസിക്കിലെ സി.ബി.എസ് ചൗക്കിൽനിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
ഞായറാഴ്ച വൈകുന്നേരം മാർച്ച് മുംബൈയിലെത്തുമെന്നാണ് സൂചന. 30,000 പേരുമായി ആരംഭിച്ച മാർച്ചിൽ ഒരു ലക്ഷത്തിൽ അധികം പേരാണ് ഇപ്പോൾ പങ്കെടുക്കുന്നത്. കാർഷിക കടങ്ങൾ തള്ളുന്നതിനു പുറമേ വനഭൂമി കൃഷിക്കായി വിട്ടുനൽകുക, സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കുക, വിളനാശം സംഭവിച്ച കർഷകർക്ക് ഏക്കറിന് 40,000 രൂപവീതം നൽകുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നുണ്ട്. അതേസമയം കർഷകരുടെ മാർച്ച് സർക്കാർ തടയുമെന്നാണ് സൂചന.
ഞായറാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കുവാനും തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റുമുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുവാനും എ.ബി.െക.എസ് തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയയാണ് മാർച്ച് തടയാൻ സർക്കാർ നീക്കമെന്നാണ് വിവരം. എന്നാൽ ഇതുവരെ കർഷകരുടെ വിഷയത്തിൽ സർക്കാർ ഇടപ്പെട്ടിട്ടില്ലെന്നും എ.ബി.െക.എസ് ആരോപിച്ചു. ബി.ജെ.പി സർക്കാർ ബജറ്റിലും പ്രശ്നപരിഹാരങ്ങൾക്കായി യാതൊന്നും നീക്കിവച്ചിട്ടില്ല. 1,753 കർഷകരാണ് ഇതുവരെ സംസ്ഥാനത്ത് ജീവനൊടുക്കിയത്. കഴിഞ്ഞ വർഷം നടത്തിയ പ്രക്ഷോഭങ്ങൾക്കുശേഷം സർക്കാർ 34,022 കോടി രൂപ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ പ്രഖ്യാപനങ്ങളല്ല ആവശ്യങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്നും എ.ബി.െക.എസ് ആവശ്യപ്പെട്ടു.