കരിപ്പൂരിൽ 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം : കരിപ്പൂരിൽ 42 ലക്ഷം രൂപയുടെ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനായ കോഴിക്കോട് വെളിമണ്ണ പള്ളിക്കണ്ടിപുറായിൽ ജാഫറിൽ (34)നിന്നാണ് 1.398 ഗ്രാം സ്വർണം പിടികൂടിയത്. ബാഗേജിലെ സെർച്ച്ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 116.5 ഗ്രാമിന്റെ 12 സ്വർണക്കട്ടികളായാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.