പി.എൻ.ബി തട്ടിപ്പ് : ജെയ്റ്റ്ലിയെ വിമർശിച്ച് സിൻഹ

ന്യൂഡൽഹി : പി.എൻ.ബി തട്ടിപ്പുകേസിൽ ഓഡിറ്റർമാരെ കുറ്റപ്പെടുത്തിയ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് പരിഹാസവുമായി ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ. ട്വിറ്ററിലൂടെയാണ് സിൻഹയുടെ പ്രതികരണം.
പി.എൻ.ബി തട്ടിപ്പിന് കുറ്റപ്പെടുത്തേണ്ടത് ഓഡിറ്റർമാരെയാണ് എന്ന് ബുദ്ധിമാന്മാർ പറയുന്നു. അവർ പ്യൂണിനെ വെറുതെ വിട്ടതിന് (കുറ്റപ്പെടുത്താതെ) ദൈവത്തിന് നന്ദി − സിൻഹ ട്വിറ്ററിൽ കുറിച്ചു.
നെഹ്റുവിന്റെ ഭരണത്തിൽ തുടങ്ങി കോൺഗ്രസിന്റെ ദുർഭരണം വരെയുള്ള എല്ലാവരെയും കുറ്റപ്പെടുത്തിയതിനു ശേഷം നമ്മുടെ ബുദ്ധിമാന്മാർ പറയുന്നു. പി.എൻ.ബി തട്ടിപ്പിന് ഓഡിറ്റർമാരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന്. ദൈവത്തിന് നന്ദി... അവർ പ്യൂണിനെ വെറുതെ വിട്ടതിന്. നിശ്ശബ്ദമായ ചോദ്യം ഇതാണ്. പി.എൻ.ബിയുടെ യഥാർഥ ഉടമസ്ഥർ എന്ന നിലയിൽ കഴിഞ്ഞ ആറുവർഷത്തിൽ നാലുവർഷവും സർക്കാർ എന്തുചെയ്യുകയായിരുന്നു? −എന്നായിരുന്നു ശത്രുഘ്നൻ സിൻഹയുടെ ട്വീറ്റ്.
ബാങ്ക് മാനേജ്മെന്റിനെയും ഓഡിറ്റർമാരെയുമാണ് പി.എൻ.ബി തട്ടിപ്പിനുശേഷം നടത്തിയ ആദ്യപ്രതികരണത്തിൽ ജെയ്റ്റ്ലി കുറ്റപ്പെടുത്തിയിരുന്നത്.