ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

ന്യൂഡൽഹി: ഭാര്യയെ അക്രമികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മധ്യ ഡൽഹിയിൽ 25 വയസുകാരനായ അമർജീത് എന്നയാളാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇവർ ബസിൽ സഞ്ചരിക്കവെ അമർജീതിന്റെ മൊബൈൽ ഫോൺ നാലംഗ സംഘം പോക്കറ്റടിച്ചു. ഇത് കണ്ട മഞ്ജു ബസിൽ നിന്നിറങ്ങിയ സംഘത്തിന് പിന്നാലെ 50 മീറ്ററോളം ഓടി ഒരാളെ പിടികൂടി. ഇതോടെ മറ്റു മൂന്നു പേർ ചേർന്ന് മഞ്ജുവിനെ അക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മഞ്ജുവിന്റെ രക്ഷക്കായി ഓടിയെത്തിയ അമർജീതിനെ അക്രമികൾ കുത്തുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റതിനാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അമർജീത് മരിക്കുകയായിരുന്നു. അക്രമികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.