ഗുജറാത്തിൽ കോൺഗ്രസിന് ലീഡ് : ഹിമാചലിൽ ബിജെപി മുന്നിൽ

ന്യൂഡൽഹി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടവുമായി കോണ്‍ഗ്രസ്. ഒരു ഘട്ടത്തിൽ ബിജെപി കേവലഭൂരിപക്ഷത്തിനു വേണ്ട 92 സീറ്റുകളിൽ ലീഡെടുത്തു. എന്നാൽ തിരിച്ചുവന്ന കോൺഗ്രസ് ലീഡ് സ്വന്തമാക്കി. ഹിമാചൽ പ്രദേശിൽ ബിജെപിയാണ് മുന്നിൽ.
സൗരാഷ്ട്ര മേഖലയിൽ ബിജെപിക്കു തിരിച്ചടി നേരിട്ടപ്പോൾ വടക്കൻ ഗുജറാത്തിൽ ബിജെപിയാണ് മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ ഗാന്ധിയെ സംബന്ധിച്ചും ഗുജറാത്ത് സ്വദേശി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഏറെ സുപ്രധാനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു.
ഹിമാചൽ പ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപി മുന്നിൽ. 27 മണ്ഡലങ്ങളിൽ ബിജെപിയും 13 മണ്ഡലങ്ങളിൽ കോൺഗ്രസും മുന്നിൽ. രണ്ടിടത്ത് മറ്റു കക്ഷികൾ ലീഡ് ചെയ്യുന്നു. ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോളിന്റെ പ്രവചനം.