രാഹുൽ ഗാന്ധി ശനിയാഴ്ച കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേൽക്കും

ന്യുഡൽഹി : രാജ്യത്തെ കോൺഗ്രസ് പാർട്ടിക്ക് പുതിയ അമരക്കാരൻ. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അദ്ധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റ് സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ്. പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.
ശനിയാഴ്ച രാവിലെ 11ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അമ്മയും നിലവിലെ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധി ചുമതലയേറ്റെടുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 19 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ അധികാര കൈമാറ്റം നടക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസം ഇന്നായിരുന്നു. രാഹുൽ ഗാന്ധി മാത്രമാണ് അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് പത്രിക നൽകിയത്. എതിർ സ്ഥാനാർത്ഥികളില്ലാത്തതിനാലാണ് തിരഞ്ഞെടുപ്പ് സമിതി രാഹുലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത്തന്നെ പാർട്ടി അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ രാഹുലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വിസമ്മതിച്ചതിനാൽ സ്ഥാനാരോഹണം നീണ്ടു പോവുകയായിരുന്നു. 1929ലെ ലാഹോർ സമ്മേളനത്തിൽ വെച്ചാണ് മോട്ടിലാൽ നെഹ്‌റുവിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിലേയ്ക്ക് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം എത്തിയത്. അതുപോലെ 88 വർഷങ്ങൾക്കിപ്പുറം സോണിയയിൽ നിന്ന് രാഹുലിലേയ്ക്ക് മറ്റൊരു തലമുറ മാറ്റത്തിന് കൂടി കോൺഗ്രസ് സാക്ഷ്യം വഹിക്കുകയാണ്. അദ്ധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണ് കോൺഗ്രസ് തീരുമാനം. സ്വാതന്ത്ര്യം ലഭിച്ചശേഷം അദ്ധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണ് രാഹുൽ ഗാന്ധി.