പഴയ നോട്ടുകൾ എണ്ണിത്തീർന്നില്ല : റിസർവ്വ് ബാങ്ക് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ 500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കിയിട്ട് ഒരു വർഷം ആകുന്പോഴും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോഴും ആ നോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് റദ്ദാക്കിയ കറൻസി ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്നുള്ള കാര്യം റിസർവ് ബാങ്ക് വ്യക്തമാക്കിയത്.
റദ്ദാക്കിയ 1,134 കോടി 500 രൂപാ നോട്ടുകളും 524.90 കോടി 1000 രൂപാ നോട്ടുകളും സപ്തംബർ 30 വരെ എണ്ണിത്തിട്ടപ്പെടുത്തി. യാഥാക്രമം 5.67 ലക്ഷം കോടി രൂപയും 5.24 ലക്ഷം കോടി രൂപയുമാണ് ഇതിന്റെ മൂല്യം. റദ്ദാക്കിയ നോട്ടുകൾ പൂർണമായി എന്ന് എണ്ണിത്തീരുമെന്ന ചോദ്യത്തിന് നടപടി പുരോഗമിക്കുകയാണെന്നായിരുന്നു മറുപടി.
നോട്ട് റദ്ദാക്കലിന് ശേഷം വിവിധ ബാങ്കുകൾ വഴി സമാഹരിച്ച പഴയ നോട്ടുകൾ എണ്ണുന്നതിനും പരിശോധിക്കുന്നതിനും അത്യന്താധുനികമായ 66 കറൻസി വേരിഫിക്കേഷൻ ആൻഡ് പ്രോസസിംഗ് (സി.വി.പി.എസ്.) മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും മറുപടിയിലുണ്ട്.
കഴിഞ്ഞ നവംബർ എട്ടിനാണ് 500, 1000 രൂപാ നോട്ടുകൾ റദ്ദാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരേയുള്ള യുദ്ധപ്രഖ്യാപനമെന്നാണ് കേന്ദ്ര സർക്കാർ നടപടിയെ വിശേഷിപ്പിച്ചത്. നോട്ട് നിരോധനത്തെ എതിർത്ത് പ്രതിപക്ഷം അതിശക്തമായി രംഗത്തുണ്ട്.