പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം : പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയിലേക്ക്

കൊച്ചി : രക്താർബുദ ചികിത്സയ്ക്കായി ആർസിസിയിൽ എത്തിയ പെൺകുട്ടിക്ക് രക്തം സ്വീകരിച്ചതോടെ എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് നീതി തേടി ഹൈക്കോടതിയിലേക്ക്. ഹരിപ്പാട് സ്വദേശിനിയായ ഒന്പതുവയസ്സുകാരിക്കാണ് ആർ.സി.സിയിലെ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ചതുവഴി എച്ച്‌ഐവി ബാധിച്ചതായി ആരോപണം ഉയർന്നത്.
ആശുപത്രിയിൽ തുടർ ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും പെൺകുട്ടിയുടെ വിദ്യാഭ്യാസവും ഭാവിയും പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും തീരുമാനം ഉണ്ടാകണമെന്ന് പിതാവ് ആവശ്യപ്പെടുന്നു.
പെൺകുട്ടിക്ക് നൽകിയ രക്തത്തിന്റെ ഘടകങ്ങൾ മറ്റ് മൂന്ന് പേർക്ക് കൊടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും അങ്ങനെയെങ്കിൽ കൂടുതൽ പേർക്ക് എച്ച്.ഐ.വി ബാധിച്ചിരിക്കാമെന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കാര്യങ്ങൾ പരിശോധിക്കണമെന്നും കുട്ടിയുടെ അച്ഛൻ ഹർജിയിൽ ആവശ്യപ്പെടുന്നു.
ഡോക്ടർമാർ തന്നെ ഡോക്ടർമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിലുള്ള അതൃപ്തിയും ഹർജിയിൽ വ്യക്തമാക്കുന്നു. വിൻഡോ പീരിയഡിൽ ഉള്ള ഏതെങ്കിലും രോഗികളിൽ നിന്നായിരിക്കും രോഗം പകർന്നതെന്നാണ് അധികൃതരുടെ നിഗമനം.