രോഹിത്തിന്റെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കാൻ തീരുമാനം

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. വദേര വിഭാഗത്തില്‍ പെട്ട ആളാണ് രോഹിത് വെമുലയെന്നും ഇത് ദലിത് അല്ലെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി.
നിയമവിരുദ്ധമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വദേര വിഭാഗത്തില്‍പ്പെട്ട ആളാണ് രോഹിത് വെമുല എന്നും ഇക്കാര്യം മറച്ചുവെച്ച് ദലിത് വിഭാഗത്തില്‍പ്പെട്ട മാല എന്ന സമുദായമാണെന്ന് അവകാശപ്പെട്ട് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി എന്നുമാണ് അരോപണം. ദലിത് എന്ന വാദത്തില്‍ രാധിക വെമുല ഉറച്ചുനില്‍ക്കുകയാണെങ്കില്‍ രണ്ടാഴ്ച്ക്കുള്ളില്‍ അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസ് ഇല്ലാതാക്കാനും വൈസ് ചാന്‍സ്ലറേയും ബി.ജെ.പി എം.എല്‍.എമാരേയും രക്ഷിക്കാനുമുള്ള നീക്കമാണിതെന്ന് രാധികാ വെമുല ‘ദ ഹിന്ദു’ ദിനപത്രത്തോട് പറഞ്ഞു.