അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു: വിദ്യാര്‍ഥിനി പുഴയില്‍ ചാടി ജീവനൊടുക്കി

സൂറത്ത്: അശ്ലീലദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിനെത്തുടർന്നു കോളജ് വിദ്യാർഥിനി പുഴയിൽ ചാടി മരിച്ചു. സഹപാഠിയായ വിദ്യാർഥി അറസ്റ്റിൽ. സൂറത്ത് ഡിആർബി കോളജിലെ ബികോം വിദ്യാർഥിനി ദീപിക (20) ആത്മഹത്യ ചെയ്ത കേസിലാണ് ഇതേ കോളജിലെ വിദ്യാർഥിയായ ഹുസൈൻ ഖാൻ പഠാനെ അറസ്റ്റ് ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ഹുസൈൻഖാൻ പെൺകുട്ടിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ കാമറയിൽ പകർത്തിയിരുന്നു. ബന്ധം വേർപിരിഞ്ഞപ്പോൾ ഇതു സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. സുഹൃത്തിന്റെ ഫോണിൽ ഈ ദൃശ്യങ്ങൾ കണ്ട പെൺകുട്ടി തപി നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണു ബുധനാഴ്ച പുഴയിൽ ചാടിയ ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ പുഴയുടെ സമീപമെത്തിയ ദീപിക താൻ മരിക്കാൻ പോവുകയാണെന്നു ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി ദീപിക അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു. മഗ്ദള്ള പാലത്തിൽനിന്നു താഴേക്കു ചാടിയ ദീപികയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടാം വർഷ ബികോം വിദ്യാർഥിയാണു ഹുസൈൻ ഖാൻ. മൂന്നാം വർഷമായിരുന്നു ദീപിക പഠിച്ചിരുന്നത്.
താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഒരു ലോഡ്ജിൽ വച്ചു പകർത്തിയതാണെന്നും അവ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കാട്ടിയുള്ള ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിരുന്നു. തുടർന്നു പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്നെ വിവാഹം കഴിച്ചു എന്നു വിശ്വസിപ്പിച്ചാണ് സൂറത്തിലെ ഒരു ലോഡ്ജിൽ തന്നെ കൊണ്ടുപോയതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.