പെരുമാള്‍ മുരുഗന്റെ വിവാദ നോവൽ നിരോധിയ്ക്കേണ്ടെന്ന് കോടതി


ചെന്നൈ : തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗന്റെ വിവാദ നോവല്‍ 'മാതോരുഭാഗൻ' നിരോധിയ്ക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പുസ്തകം പിൻവലിക്കണമെന്നും, മുരുഗൻ മാപ്പു പറയണമെന്നുള്ള നാമക്കൽ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം കോടതി തള്ളി. ഇത് എഴുത്തുകാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എസ് കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

നാമക്കലിലെ തിരുച്ചെങ്കോടുള്ള അർദ്ധനാരീശ്വരക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിൽ മുരുഗൻ എഴുതിയ നോവലാണ് മാതോരുഭാഗൻ അഥവാ അർദ്ധനാരീശ്വരൻ. 2010 ൽ പുറത്തിറങ്ങിയ നോവലിനെതിരെ കഴിഞ്ഞ വർഷം ഡിസംബറിൽ ഹിന്ദുസംഘടനകൾ രംഗത്തെത്തിയിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചുള്ള സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ റവന്യൂ ഓഫീസറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നോവൽ വിപണിയിൽ നിന്ന് പിൻവലിയ്ക്കണമെന്നും മുരുഗൻ നിരുപാധികം മാപ്പു പറയണമെന്നുമുള്ള ഉപാധികളോടെ പ്രശ്നം ഒത്തുതീർപ്പാക്കി.

അതിനു ശേഷം മുരുഗൻ എഴുത്തുനിർത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ചർച്ചയിലെ ഉപാധികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിലെ അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. ഒരു വർഷം നീണ്ട വാദത്തിനൊടുവിലാണ് നോവൽ നിരോധിക്കേണ്ട കാര്യമില്ലെന്ന് കോടതി വിധിച്ചത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed