സ്ത്രീ-പുരുഷ അധ്യാപകര്‍ ജീന്‍സ് ധരിക്കരുതെന്ന് സര്‍ക്കാര്‍

ചണ്ഡീഗഢ്: വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ടതിനാല് സ്ത്രീ-പുരുഷ അധ്യാപകര്‍ ജീന്‍സ് ധരിക്കരുതെന്ന് ഹരിയാന സര്‍ക്കാര്‍. ഗവണ്മെന്റ് സ്കൂള്‍ അധ്യാപകരോടാണ് സര്‍ക്കാര്‍ ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. സ്കൂളില്‍ എത്തുമ്പോള്‍ മാത്രമല്ല ചണ്ഡീഗഡില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെത്തുമ്പോഴും വസ്ത്രധാരണത്തിലെ നിയന്ത്രണം ബാധകമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
‘സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളിലും നിരവധി അധ്യാപകര്‍ ജീന്‍സ് ധരിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ അധ്യാപകര്‍ ജീന്‍സ് ധരിച്ച് വരുന്നില്ലെന്ന് ഉറപ്പാക്കുക” പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടര്‍ ജൂണ്‍ നാലിന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകാനാണ് അധ്യാപകരോട് ജീന്‍സ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്.
ഒഡീഷയില്‍ അധ്യാപകര്‍ക്ക് വസ്ത്രധാരണ ശൈലി നടപ്പിലാക്കിയതും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പുതിയ വസ്ത്രധാരണ ശൈലി അംഗീകരിക്കില്ലെന്ന നിലപാടിലാണ് അധ്യാപകര്‍. ‘വസ്ത്രധാരണ ശൈലി ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതിന് പകരമായി ഇക്കാര്യത്തില്‍ നേരത്തെ സര്‍വേ നടത്തേണ്ടതായിരുന്നു. അധ്യാപകരില്‍ വലിയൊരു പങ്കും ജീന്‍സ് ധരിക്കുന്ന ചെറുപ്പക്കാരാണ്.’ രാജകീയ പ്രാഥമിക് ശിക്ഷക് സംഘ് ജനറല്‍ സെക്രട്ടറി ദീപക് ഗോസ്വാമി പറഞ്ഞു.