പി.എഫ് പിന്‍വലിക്കല്‍: ഭേദഗതികള്‍ റദ്ദാക്കി


ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് (ഇ.പി.എഫ്) അംഗങ്ങളുടെ തുക പിന്‍വലിക്കുന്നത് സംബന്ധിച്ച് പുതുതായി ഏര്‍പ്പെടുത്തിയ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പി.എഫ് ഭേദഗതിക്കെതിരെ ബംഗളൂരുവില്‍ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. പി.എഫ് നിയമഭേദഗതി റദ്ദാക്കിയതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു.

തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതികള്‍ നടപ്പാക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ ബംഗളൂരുവില്‍ തൊഴിലാളി പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ജൂലൈ 31 വരെ മൂന്നു മാസത്തേക്കുകൂടി മരവിപ്പിക്കുകയാണെന്നും ബന്ധപ്പെട്ട എല്ലാവരുമായും വിഷയം ചര്‍ച്ചചെയ്യുമെന്നും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്.

പൊതുബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച നിര്‍ദ്ദേശമാണ് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയത്. 58 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ജീവനക്കാരന് 100 ശതമാനം പി.എഫ് തുക പിന്‍വലിക്കാനാകില്ലെന്നായിരുന്നു നിര്‍ദ്ദേശം.

ഫെബ്രുവരി 10ന് ഇറക്കിയ പുതിയ മാനദണ്ഡങ്ങളുടെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും പഴയ രീതി തുടരുമെന്നും തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളി യൂണിയനുകളുടെ ആവശ്യം മാനിച്ചാണ് തീരുമാനം പിന്‍വലിക്കുന്നതെന്നും നേരത്തേ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതും യൂണിയനുകളുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എഫിലേക്കുള്ള തൊഴിലാളികളുടെ വിഹിതത്തിന് ഏറക്കുറെ തുല്യമായ തുക തൊഴിലുടമ നിക്ഷേപിക്കുകയും ഇതിന് പലിശ ലഭിക്കുകയും ചെയ്യുന്നതാണ് ഇ.പി.എഫ് പദ്ധതി. പി.എഫ് നിയമഭേദഗതി റദ്ദാക്കിയതോടെ ഭവനനിര്‍മ്മാണം, ചികിത്സാചെലവ്, മക്കളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പി.എഫ് തുക പൂര്‍ണമായും പിന്‍വലിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed