കേരള സര്‍ക്കാരിനെതിരെ നരേന്ദ്ര മോദി

ന്യൂഡല്‍ഹി• ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് കേരള സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകാശിപ്പിക്കവെയാണ് കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.
വിമര്ശനങ്ങളേക്കാള് കൂടുതല്‍ തനിക്കെതിരെ ഉയരുന്നത് ആരോപണങ്ങളാണെന്നും അതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എങ്ങനെയാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരികയാണ് ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുെട മറുപടി പ്രസംഗത്തില്‍ നിന്ന്:
• നയപ്രഖ്യാപന പ്രസംഗത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ഉയര്‍ത്തിക്കാട്ടിയ രാഷ്ട്രപതിക്ക് നന്ദി.
• പാര്‍ലമെന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നല്കിയ ഉപദേശം നിറവേറ്റാന്‍ നാം ബാധ്യസ്ഥരാണ്. പാര്‍ലമെന്റ് എന്നത് ചര്‍ച്ചയ്ക്കും സംവാദത്തിനുമുള്ള വേദിയാണ്. പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതി രാജ്യത്തെ മുറിപ്പെടുത്തുന്നതാണ്.
• പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുമ്ബോള് നഷ്ടം എല്ലാവര്‍ക്കുമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകള്‍ പാസാക്കുന്നതിന് പ്രതിപക്ഷം സഹകരിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന.
• പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് നാം പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. ഇത്തരം മര്യാദകള്‍ പാലിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് ഫലപ്രദമെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
• സര്‍ക്കാര്‍ സംവിധാനത്തെ ഗൗരവമായി കാണാത്ത തരത്തിലാണ് ഇപ്പോള്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം.
• മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന് ജനങ്ങളെ എങ്ങനെ സേവിക്കാമെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
• പാര്‍ലമെന്റില്‍ നാം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെളി വാരിയെറിയുകയും ചെയ്യുന്നത് നിമിത്തം വിശ്വാസ്യത നഷ്ടമാകുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ്.