ഇന്ത്യയുമായുള്ള സൗഹൃദ നീക്കത്തിന് തടയിടാന്‍ തീവ്രവാദി ഗ്രൂപ്പുകളെ അനുവദിക്കില്ല: പാകിസ്താന്‍

ന്യൂ ഡല്ഹി : ഇന്ത്യയുമായുള്ള സൗഹൃദ നീക്കത്തിന് തടയിടാന്‍ തീവ്രവാദി ഗ്രൂപ്പുകളെ അനുവദിക്കില്ലെന്ന് പാകിസ്താന്‍. റേഡിയോ പാകിസ്താനിലൂടെ പാക് പ്രതിരോധ മന്ത്രി ഖാജ മുഹമ്മദ് ആസിഫ് ആണ് ഇക്കാര്യം പറഞ്ഞത്. തീവ്രവാദത്തിനെതിരെ പാകിസ്താന്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നതിന്റെ സൂചനകളാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ചകളെ പാളംതെറ്റിക്കാന്‍ ഒരു തീവ്രവാദ സംഘടനയെയും അനുവദിക്കില്ലെന്നാണ് ആസിഫ് വ്യക്തമാക്കിയിരിക്കുന്നത്. ഇതൊടെ ഈ മാസം 15 ന് നടക്കാനിരിക്കുന്ന ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചക്ക് മാറ്റമുണ്ടാകില്ല. ചില തീവ്രവാദ സംഘടനകള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ചക്ക് തുരങ്കം വെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ അതില്‍ വിജയിക്കില്ല. പത്താന്‍കോട്ട് എയര്‍ഫോഴ്‌സ് കേന്ദ്രത്തിനു നേരെ സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടുമെന്ന് ആശങ്കയുണ്ടായിരുന്നു.
ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിന്റെ നേതൃത്വത്തിലാണ് പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഇന്ത്യ സംശയിക്കുന്നത്.
പാകിസ്താന്‍ തീവ്രവാദികളെ നേരിടുന്നതില്‍ വിജയം കണ്ടുവരികയാണെന്നും ആസിഫ് പറഞ്ഞു. സെര്‍ബ് ഇ അസ്ബ് എന്ന ഓപ്പറേഷനിലൂടെയാണ് തീവ്രവാദം നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിട്ടത്.
ചില തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാനും മറ്റുള്ളവര്‍ക്കെതിരേ ആക്രമണം തുടരാനും കഴിഞ്ഞുവെന്ന് അദ്ദേഹം ജിയോ ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തീവ്രവാദത്തിനെതിരേ പൊരുതുന്നതില്‍ സര്‍ക്കാരിനും സൈന്യത്തിനും ഒരേ മനസ്സാണെന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും ഇതാണ് തങ്ങളുടെ നയമെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്ത്യ കൈമാറിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ പാക് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ, പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് പാക്കിസ്താന് അമേരിക്ക നിര്‍ദേശം നല്‍കി. ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരതയ്‌ക്കെതിരായ നിലപാടില്‍ യാതൊരു വിവേചനവുമുണ്ടാവില്ലെന്ന വാക്ക് പാലിയ്ക്കാന്‍ പാകിസ്താന്‍ തയാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
അതേ സമയം പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടികള്‍ തൃപ്തികരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . ആക്രമണം നടന്ന സ്ഥലം മോദി സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ആക്രമണവുമായി ബന്ധപ്പെട്ട് സമഗ്ര വിവരങ്ങള്‍ ശേഖരിച്ചതായി മോദി അറിയിച്ചു. ഭീകരരെ വധിച്ച ഓപ്പറേഷന്‍, ആക്രമണ സമയത്ത് സുരക്ഷാ സേനയുടെ പ്രവര്‍ത്തനം എന്നിവയെ കുറിച്ച് മോദി പ്രശംസിച്ചു. സൈന്യത്തിന്റെ ഏകോപനം ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.