വാഹനങ്ങളില്‍ എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കാൻ നിര്ദ്ദേശം

കൊച്ചി : വാഹനങ്ങളില്‍ എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കണമെന്ന് ദേശീയ റോഡ് സുരക്ഷ കമ്മീഷന്‍ അംഗം ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍. പുതിയതായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് എയര്‍ ബാഗ് അടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങളില്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. കൊച്ചിയില്‍ റോഡ് സുരക്ഷാ വാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ ഇക്കാര്യം അറിയിച്ചത്.
അടുത്ത വര്‍ഷം മുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത വാഹനങ്ങള്‍ നിരത്തില്‍ അനുവദിക്കില്ലെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനികള്‍ ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും അദേഹം പറഞ്ഞു.റോഡുകളിലെ സ്ഥിരം അപകടകേന്ദ്രങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്നും റോഡ് സുരക്ഷ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.