മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നു'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ
ഷീബ വിജയൻ
കൊച്ചി: ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് ഓർഗനൈസിങ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി രംഗത്തെത്തി. സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് യാതൊരു കാര്യവുമില്ലെന്നും, ഇത് മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്നും വേണുഗോപാൽ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. കേരളത്തിന് പുറത്ത് സിപിഎമ്മിന് ആകെ ആശ്രയിക്കാനുള്ളത് കോൺഗ്രസിനെ മാത്രമാണ്. എന്നാൽ ദേശീയതലത്തിൽ വ്യക്തമായൊരു പൊതുനിലപാടില്ലാതെ, സ്വന്തം പ്രാദേശിക അജണ്ടകൾ മാത്രം മുൻനിർത്തിയുള്ള സങ്കുചിത രാഷ്ട്രീയമാണ് സിപിഎം ഇപ്പോൾ കളിക്കുന്നത്. കോൺഗ്രസിനും രാഹുലിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം, പാർട്ടിക്കുണ്ടായ വൻ തകർച്ചയെക്കുറിച്ച് ആത്മാർത്ഥമായി ആത്മപരിശോധന നടത്താനാണ് സിപിഎം നേതാക്കൾ തയ്യാറാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സഖ്യയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതിനെതിരെ സിപിഎമ്മും സിപിഐയും കടുത്ത ഭാഷയിൽ രംഗത്തുവന്നിരുന്നു. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് കേരളത്തിൽ തങ്ങൾ പിണറായി വിജയനുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്നും അതുകൊണ്ട് അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ തനിക്കാവില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഇതിന് പിന്നാലെ താനും രാഹുലും തമ്മിൽ കാണുമ്പോൾ പരസ്പരം വണങ്ങുകയാണ് പതിവെന്നും എന്നാൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്നത് രാജ്യം കണ്ടതാണെന്നും പിണറായി വിജയൻ തിരിച്ചടിച്ചിരുന്നു. രാഹുലിന്റെയും കോൺഗ്രസിന്റെയും ഇത്തരം നിലപാടുകൾ ബിജെപിയെ സഹായിക്കുന്നതാണെന്നും ഇത് ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു.
dewaeqwsaaeqsw

