പെൻഷൻ തിരിച്ചടവുകൾക്ക് മൂന്ന് മാസത്തെ ഇളവ്; പാർലമെന്റ് അടിയന്തര പ്രമേയം അംഗീകരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും പെൻഷൻ റീപ്ലേസ്മെന്റ് തിരിച്ചടവുകളിൽ മൂന്ന് മാസത്തെ സാവകാശം നൽകാനുള്ള അടിയന്തര പ്രമേയം ബഹ്റൈൻ പാർലമെന്റ് അംഗീകരിച്ചു. മേഖലയിലുണ്ടായ ഇറാനിയൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
എം.പി മുഹമ്മദ് അൽ മറാഫിയും മറ്റ് നാല് അംഗങ്ങളും ചേർന്നാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. ഇതനുസരിച്ച് അടുത്ത മൂന്ന് മാസത്തേക്ക് തിരിച്ചടവുകൾക്ക് മൊറട്ടോറിയം ലഭിക്കും. ഈ കാലയളവിൽ പലിശയോ മറ്റ് അധിക ഫീസുകളോ ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ജീവിതച്ചെലവ് വർദ്ധിക്കുകയും കുടുംബങ്ങളുടെ വരുമാനത്തെ നിലവിലെ സാഹചര്യങ്ങൾ ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, ജനങ്ങളുടെ പ്രതിമാസ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരിച്ചടവുകൾ പൂർണ്ണമായും ഒഴിവാക്കുകയല്ല, മറിച്ച് മൂന്ന് മാസത്തേക്ക് നീട്ടിവെക്കുകയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് അൽ മറാഫി വിശദീകരിച്ചു. ഇത് ഗുണഭോക്താക്കൾക്ക് തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ പുനഃക്രമീകരിക്കാൻ സമയം നൽകും. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കുക എന്ന രാജ്യത്തിന്റെ നയത്തിന് അനുസൃതമായാണ് ഈ താൽക്കാലിക തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ജീവിതസമ്മർദ്ദങ്ങൾ കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്ന് പാർലമെന്റ് വിലയിരുത്തി.
dgdsg

