ബഹ്റൈനിൽ വാറ്റ് നിയമലംഘനം: ആദ്യ പാദത്തിൽ 80-ലധികം കേസുകൾ; കർശന നടപടിയുമായി എൻബിആർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ ബഹ്റൈനിൽ എൺപതിലധികം വാറ്റ് (VAT) നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ ബ്യൂറോ ഫോർ റെവന്യൂ (NBR) അറിയിച്ചു. വിപണിയിലെ നികുതി വെട്ടിപ്പ് തടയുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി നടത്തിയ 330 പരിശോധനകളിൽ നിന്നാണ് 86 നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കൃത്യമായ വാറ്റ് ഇൻവോയ്സുകൾ നൽകാതിരിക്കുക, സാധനങ്ങളുടെ വില പ്രദർശിപ്പിക്കുമ്പോൾ വാറ്റ് ഉൾപ്പെടുത്താതിരിക്കുക, വാറ്റ് സർട്ടിഫിക്കറ്റ് വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. കുറ്റക്കാർക്കെതിരെ നിയമപരമായ പിഴ ചുമത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും നികുതി തുകയുടെ മൂന്നിരട്ടി വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് എൻബിആർ മുന്നറിയിപ്പ് നൽകി.
നിലവിൽ രാജ്യത്ത് 27,505-ലധികം പേർ വാറ്റ് നികുതിദായകരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിർമ്മാണം, റീട്ടെയിൽ, ജ്വല്ലറി, ഓട്ടോ റിപ്പയർ തുടങ്ങി വിവിധ മേഖലകളിലായിരുന്നു പരിശോധന. കഴിഞ്ഞ വർഷം ആകെ 145 വാറ്റ് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 80008001 എന്ന നമ്പറിലോ 'തവാസുൽ' ആപ്പ് വഴിയോ എൻബിആറിനെ അറിയിക്കാവുന്നതാണ്.
dfg

