കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് കൂടുതൽ വിമാനങ്ങൾ; യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വേനലവധി മുന്നിൽക്കണ്ട് ഇന്ത്യക്കും ബഹ്റൈനുമിടയിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് നിന്ന് ബഹ്റൈനിലേക്കുള്ള നേരിട്ടുള്ള സർവീസ് ഇന്നലെ ആരംഭിച്ചു. ഇനി മുതൽ ആഴ്ചയിൽ നാല് ദിവസമായിരിക്കും കോഴിക്കോട് - ബഹ്റൈൻ സർവീസ് ഉണ്ടാകുക. ഇതിനു പുറമെ മെയ് 7 മുതൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളും പുനരാരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാത്രി 8:35-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11:35-ന് ബഹ്റൈനിൽ നിന്ന് തിരിക്കും.
ഗൾഫ് മേഖലയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഈ നീക്കം. നിലവിൽ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതിനൊപ്പം യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, കൊച്ചി, കോഴിക്കോട്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് പ്രതിദിനം 40-ലധികം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇപ്പോൾ ഗൾഫ് മേഖലയിലേക്ക് സർവീസ് നടത്തുന്നത്.
ഇൻഡിഗോ എയർലൈൻസും ബഹ്റൈനിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കുകയാണ്. നാളെ മുതൽ മുംബൈയിൽ നിന്ന് ബഹ്റൈനിലേക്ക് പ്രതിദിന നേരിട്ടുള്ള സർവീസുകൾ ഇൻഡിഗോ പുനരാരംഭിക്കും. രാത്രി 8:50-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 9:55-ന് ബഹ്റൈനിലെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ജൂൺ 18 മുതൽ കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ നിന്നും ബഹ്റൈനിലേക്ക് ഇൻഡിഗോ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
asasd

