രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്ന് കോൺഗ്രസിന് മുന്നറിയിപ്പ് നൽകി മുസ്ലീം ലീഗ്

മലപ്പുറം: സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്ന മുന്നറിയിപ്പാണ് മുസ്ലീം ലീഗ്, കോൺഗ്രസിന് നൽകുന്നത്. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഐഎം ക്ഷണിച്ചെന്ന് വ്യക്തമാക്കിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം, പങ്കെടുക്കണമോ എന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് പറഞ്ഞു. നാളെ ഉച്ചയ്ക്ക് കോഴിക്കോട്ട് ലീഗ് നേതൃയോഗം നടക്കും. കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. ഏക സിവിൽ കോഡ് സെമിനാറിൽ നിന്ന് വ്യത്യസ്തമാണ് നിലവിലത്തെ സാഹചര്യമെന്നും പി എം എ സലാം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പ്രതികരണം നടത്തിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
കെ സുധാകരനെതിരെ പിഎംഎ സലാം രൂക്ഷ വിമർശനം ഉന്നയിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്നവർ ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. പലതവണ ഞങ്ങൾ പറഞ്ഞതാണ് - എന്നും പിഎംഎ സലാം വ്യക്തമാക്കി. സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ മുസ്ലിം ലീഗ് പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ് ബഷീർ എം പിയുടെ വാക്കുകൾക്ക് പിന്നാലെ കെ സുധാകരൻ നടത്തിയ പരാമർശം ലീഗിനെ ചൊടിപ്പിച്ചിരുന്നു. വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
പലസ്തീൻ വിഷയത്തിൽ കക്ഷിരാഷ്ട്രീയം കാണുന്നില്ല. ആവശ്യമെങ്കിൽ കോൺഗ്രസുമായി ചർച്ച നടത്തും. ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞതിൽ തെറ്റില്ല. മുതിർന്ന നേതാവാണ് അദ്ദേഹം. സിപിഐഎമ്മുമായി രാഷ്ട്രീയ വേദിയല്ല പങ്കിടുന്നത്. വിഷയം യുഡിഎഫിൽ ഇതുവരെ ആലോചിച്ചിട്ടില്ല. സാമുദായിക പ്രശ്നമല്ല, മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീനെന്നും അദ്ദേഹം പറഞ്ഞു.
ASDADADSADS