മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിലേക്ക്

റിയാദ് മഹ്‌റെസിന്റെ ഹാട്രിക്ക് മികവിൽ ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി എഫ് എ കപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ രാത്രി ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം ഡിവിഷൻ ക്ലബ് ഷെഫീൽഡ് യുണൈറ്റഡിനെ സിറ്റി പരാജയപ്പെടുത്തിയത് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്. കഴിഞ്ഞ പതിനഞ്ച് മത്സരങ്ങളിലും പരാജയമറിയാതെ കുതിച്ച സിറ്റി ബയേണുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ച ടീമിൽ നിന്നും ആറ് മാറ്റങ്ങളുമായാണ് ഇന്നലെ കളിക്കളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേണിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ടീം സെമിയിലേക്ക് പ്രവേശനം നേടിയിരുന്നു. ലീഗിൽ തുടർവിജയങ്ങളുമായി മുന്നേറുന്ന സിറ്റിക്ക് മുന്നിൽ പ്രീമിയർ ലീഗ് കിരീടം നേടുന്നതിനുള്ള സാധ്യതയുമുണ്ട്. ഈ സീസൺ മൂന്ന് കിരീടം നേടി അവസാനിപ്പിക്കുക എന്ന സുവർണ്ണ ലക്ഷ്യം ടീമിന് മുന്നിലുണ്ട്.
കഴിഞ്ഞ അഞ്ച് സീസണുകളിൽ നാല് തവണയും സെമി ഫൈനലിൽ പരാജയം നുണഞ്ഞ ടീം ഈ വർഷം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നോടിയായി സിറ്റി താരം ബെർണാർഡോ സിൽവയെ ഷെഫീൽഡ് താരം ജെബിസൺ ബോക്സിൽ വീഴ്ത്തിയതിന് തുടർന്ന് ലഭിച്ച പെനാൽറ്റി മഹ്‌റെസ് ലക്ഷ്യത്തിൽ എത്തിച്ചാണ് ടീമിന്റെ ലീഡ് ഉയർത്തിയത്. 61 ആം മിനുട്ടിലും 66 ആം മിനുട്ടിലും താരം വീണ്ടും പന്ത് ലക്ഷ്യത്തിൽ എത്തിച്ചതോടെ വിജയം മാഞ്ചസ്റ്റർ സിറ്റിയുടെ കയ്യിലെത്തി.
FGFG