മാണിയുടെ രാജി: നിലപാട് കടുപ്പിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് കോൺഗ്രസ്. രാജിവയ്ക്കാതെ മറ്റു പോംവഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാണിയെ അറിയിച്ചു. ഘടകകക്ഷികളുടെ നിലപാടും ഇതുതന്നെയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. സർക്കാർ വീണാലും മാണി രാജിവെക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്
മാണി രാജിവയ്ക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണു എന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. കോടതി പരാമർശം എതിരായതിനാൽ രാജിവയ്ക്കണമെന്ന നിലപാട് തന്നെയാണ് മുസ്‌ലിം ലീഗിന്റെയും. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിനു മുമ്പ് രാജി തന്നെയാണ് നല്ലതെന്നാണ് ലീഗ് നിലപാട്.
മാണി നിഷേധ നിലപാട് എടുക്കില്ലെന്നു കരുതുന്നതായി യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ വ്യക്തമാക്കി. മാണി രാജിവയ്ക്കണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവും ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ദുരഭിമാനം വെടിയണമെന്നും,ബാർകോഴക്കേസിലെ ഗൂഢാലോചന എന്തെന്ന് ഇന്നത്തെ യോഗശേഷം കെ.എം.മാണി വ്യക്തമാക്കണമെന്നും ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു.