സംസ്ഥാനത്ത് 1000 കോടി മുതൽ മുടക്കിൽ നാല് സയൻസ് പാർക്കുകൾ

സംസ്ഥാനത്ത് 1000 കോടി മുതൽ മുടക്കിൽ നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങൾ ധാരാളം പുതിയ വ്യവസായ സാധ്യതകൾ തുറക്കുന്നു. ഈ സാധ്യതകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാണ് ആയിരം കോടി മുതൽ മുടക്കിൽ നാലു സയൻസ് പാർക്കുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമായി ഇരട്ട ബ്ലോക്കുള്ള സയൻസ് പാർക്കുകൾ സ്ഥാപിക്കും. ഇതുകൂടാതെ ഒരു ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ സർവകലാശാലയ്ക്ക് സമീപം സ്ഥാപിക്കും.
ഓരോ സയൻസ് പാർക്കും 200 കോടിരൂപ വീതം മുതൽമുടക്കുള്ളതും രണ്ടു ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതുമായിരിക്കും. മൂന്നു വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തീകരിക്കും. ഈ പാർക്കുകൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തെ ഐടി പാർക്കുകളിലോ ഏറ്റെടുക്കൽ ഘട്ടത്തിലുളള മറ്റു പാർക്കുകളിലോ ആയിരിക്കും. അത്തരം സ്ഥല സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 10 ഏക്കർ സ്ഥലമേറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പാർക്കുകളിൽ വ്യവസായ ഗവേഷണ രംഗങ്ങളിൽ നിന്നുള്ള 100 ഉപയോക്താക്കൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.