5 ജി നടപ്പാക്കാൻ ലീഡർഷിപ്പ് പാക്കേജ്

5ജി നെറ്റ്‌വർക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഡിജിറ്റൽ വിപുലീകരണത്തിന്റെ ഭാഗമായി 5 ജി ലീഡർഷിപ്പ് പാക്കേജ് നടപ്പാക്കും. 2022 കേന്ദ്ര ബജറ്റിലും 5ജി നെറ്റുവർക്കുകൾ മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 5 ജി സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരുന്നതിനും സേവന രംഗത്ത് മുന്നിലെത്തുന്നതിനും നടപടികൾ സ്വീകരിക്കും. 5 ജി വിപ്ലവത്തിന്റെ മുൻനിരയിലെത്തുന്നതിനുള്ള സവിശേഷ ഘടകങ്ങൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ നടക്കുന്ന 5ജി വിപ്ലവത്തിൽ രാജ്യത്തെ കേരളത്തെ മുന്‍നിരയിലെത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. 5ജി നെറ്റുവർക്കുകളെ ബന്ധിപ്പിക്കുന്ന കെ ഫോൺ ബാക്ക്‌ബോൺ ഇൻഫ്രാസ്ട്രക്ച്ചർ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഈ ആവശ്യത്തിനായി കെ ഫോൺ ഉപയോക്താക്കൾക്കായി ഒരു പ്രത്യേക വില നിർണയ മോഡൽ തയാറാക്കുക, ധ്രുത നിർമാണ വേഗത്തിൽ ടവറുകളുടെ നിർമാണം പൂർത്തിയാക്കുക, മിതമായ നിരക്കിൽ ടവറുകളുടെ വിന്യാസത്തിനായി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തുക എന്നിവ ഉൾപ്പെടുന്ന ഒരു പാക്കേജ് നടപ്പാക്കും. 5ജി പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾക്കാണ് ഉന്നതതല കമ്മിറ്റി രൂപീകരിക്കുന്നത്.
തിരുവനന്തപുരം− കൊല്ലം, എറണാകുളം− കൊരട്ടി, എറണാകുളം− ചേർത്തല, കോഴിക്കോട്− കണ്ണൂർ തുടങ്ങിയ വിപുലീകൃത ഐടി ഇടനാഴികളിലാണ് 5 ജി ലീഡർഷിപ്പ് പാക്കേജ് ആദ്യം ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.