പോലീസ് ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് 'ബ്ലൂ ബ്ലാക്ക് മെയ്‌ലിങ്ങ്' കേസിലെ പ്രതി

കൊച്ചി: കൊച്ചിയിലെ ബ്ലൂ ബ്ലാക്ക് മെയ്‌ലിങ്ങ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അതിന്റെ പേരില്‍ ബ്ലാക്ക് മെയിലിങ്ങ് നടത്തുന്നു എന്ന ആരോപണവുമായി കേസിലെ മുഖ്യ പ്രതി ബിന്ധ്യാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് കത്തെഴുതി.
കേസില്‍പ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന് ബിന്ധ്യാസ് കത്തില്‍ പറയുന്നു. സമൂഹത്തിലെ പല ഉന്നതരും വന്‍ വ്യവസായികളും ഒക്കെ ബ്ലൂ ബ്ലാക്ക് മെയിലിങ്ങില്‍ കുടുങ്ങിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങളും വീഡിയോകളും ഇപ്പോള്‍ പോലീസിന്റെ കൈയ്യിലാണ് ഉള്ളത്.
തന്റെ ബിസിനസ് സുഹൃത്തുക്കളെ പോലും പോലീസ് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും കത്തില്‍ പറയുന്നുണ്ട്. പോലീസിന്റെ ഭീഷണിയെ തുടര്‍ന്ന് പണം നല്‍കിയ പത്ത് ബിസിനസ്സുകാരുടെ പേര് ബിന്ധ്യാസ് കത്തില്‍ കൃത്യമായി എഴുതിയിട്ടുണ്ട്.
എറണാകുളം മുന്‍ ഡിസിപി നിശാന്തിനി, മുന്‍ കമ്മീഷണര്‍ കെജി ജെയിംസ്, സിഐ എന്‍സി സന്തോഷ്, എസ്‌ഐ അനന്ത് ലാല്‍ എന്നിവരുടെ പേരുകളും ബിന്ധ്യാസിന്‌റെ കത്തില്‍ ഇടം നേടി. പോലീസുകാര്‍ വീഡിയോ ക്ലിപ്പുകളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുവെന്ന ആരോപണം നേരത്തേ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വിജിലന്‍സിന്റെ അന്വേഷണവും നടന്നിരുന്നു.