ലഘുമേഘ വിസ്‌ഫോടനം പോലുള്ള അസാധാരണ പ്രതിഭാസങ്ങൾ വർദ്ധിക്കുമെന്ന് പഠനം


കളമശേരി: 1980നുശേഷം അറബിക്കടൽ‍ ഉൾ‍പ്പെടുന്ന പടിഞ്ഞാറൻ ഇന്ത്യൻ സമുദ്രത്തിന്‍റെ താപനില പരമാവധി 29 ഡിഗ്രി സെൽ‍ഷ്യസ് എന്നത് 30 ഡിഗ്രി സെൽ‍ഷ്യസിന് മുകളിലേക്ക് ഉയരുന്നതായി പഠനം. തെക്ക് കിഴക്കൻ അറബിക്കടലിന്‍റെ താപനില മറ്റ് സമുദ്രങ്ങളിലേതിനേക്കാൾ‍ ഒന്നര മടങ്ങ് വേഗത്തിലാണ് വർ‍ധിക്കുന്നത്. ഈ താപനിരക്ക് ഏറ്റവുമധികം ചുഴലിക്കൊടുങ്കാറ്റ് (ടൈഫൂണുകൾ‍) ഉണ്ടാകുന്ന പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന്‍റെ നിരക്കിനോട് തുല്യമായ അവസ്ഥയിലാണെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ഫ്‌ളോറിഡ മിയാമി സർ‍വകലാശാല റോസൻഷ്യൽ‍ സ്‌കൂളിലെ പ്രഫ. ബ്രയാൻ മേപ്‌സ്−കുസാറ്റ് റഡാർ‍ ഗവേഷണ കേന്ദ്രം ഡയറക്ടർ‍, ഡോ. എസ്. അഭിലാഷ് എന്നിവരുടെ മേൽ‍നോട്ടത്തിൽ‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. 

അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ‍ക്ക് കാരണമാകുന്ന ഗാഢ സംവഹന പ്രക്രിയ കേരള തീരത്ത് വർദ്‍ധിച്ചു വരികയാണ്. കേരളത്തിൽ‍ 2018 മുതൽ‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുൾ‍പൊട്ടലിനും കാരണമാകുന്ന ലഘുമേഘ വിസ്‌ഫോടനം പോലുള്ള അസാധാരണ പ്രതിഭാസങ്ങൾ‍ ഈ അധികതാപനം മൂലമായാണ് പ്രധാനമായും ഉണ്ടാകുന്നത്. അസ്ഥിരമാകുന്ന അന്തരീക്ഷത്തിൽ‍ സംയോജിത മേഘശൃംഖലകൾ‍ രൂപം കൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ‍ തീവ്രമോ, അതിതീവ്രമോ ആയ മഴ പെയ്യിക്കുകയും ചെയ്യുന്നു. കുസാറ്റിലെ ഡോ. വി. വിജയകുമാർ‍, ബേബി ചക്രപാണി, പ്രഫ. കെ. മോഹന്‍കുമാർ‍, ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. ഒ.പി. ശ്രീജിത്ത് തുടങ്ങിയവരും ഈ പഠനത്തിൽ‍ പങ്കാളികളായി. കുസാറ്റിൽ നടക്കുന്ന ഇന്‍ട്രോമെറ്റ്−21 അന്താരാഷ്ട്ര കാലാവസ്ഥാവ്യതിയാന സമ്മേളനത്തിൽ‍ കേരളതീരത്തെ അസാധാരണ താപനത്തെക്കുറിച്ചുള്ള പഠനം അവതരിപ്പിച്ചു.

You might also like

Most Viewed