കെ.മുരളീധരൻ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാൻ

ന്യൂഡൽഹി: കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി കെ.മുരളീധരൻ എംപിയെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു. ഇത് രണ്ടാം തവണയാണ് ഈ സ്ഥാനത്തേക്ക് മുരളീധരൻ നിയമിക്കപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപും മുരളീധരനായിരുന്നു പ്രചാരണ സമിതി അധ്യക്ഷൻ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സ്ഥാനം ഒഴിഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം തോൽവി ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചില ഘട്ടങ്ങളിൽ മുരളീധരന്‍റെ പേര് ഉയർന്നിരുന്നെങ്കിലും എ, ഐ ഗ്രൂപ്പുകൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും അദ്ദേഹം പരസ്യ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.