തെരഞ്ഞെടുപ്പ് പ്രചാരണം; മാർഗനിർദേശം പാലിക്കാത്തത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ഐഎംഎ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാർഗനിർദേശം പാലിക്കാത്തത് സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ഐഎംഎ. അതിന്റെ പരിണതഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനം. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദർഭങ്ങൾ നിരവധിയാണ്. ഇതോടൊപ്പമാണ് ആഘോഷങ്ങളും പൂരങ്ങളും അതുപോലെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന അവസ്ഥകളും; രോഗബാധയ്ക്ക്, രോഗവ്യാപനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം. ഇത് ഒഴിവാക്കുന്നതിൽ നമുക്ക് പറ്റിയ വീഴ്ച തന്നെയാണ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാക്കിയത്. ഇനിയെങ്കിലും കർശനമായ നിയന്ത്രണ നടപടികൾ ഉണ്ടായേ മതിയാകൂവെന്നും ഐഎംഎ വ്യക്തമാക്കി.
കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണൽ പ്രക്രിയ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവെക്കുന്ന രീതിയിൽ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും അന്ന് ഉണ്ടായാൽ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകും. തെരഞ്ഞെടുപ്പിന് ശേഷമാണ് കോവിഡ് ഗുരുതരമായി കൂടിയതെന്നും ഐഎംഎ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് മാസ് വാക്സിനേഷൻ ക്യാന്പുകൾ നടത്തരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. മാസ് വാക്സിനേഷൻ സൂപ്പർ സ്പ്രെഡിന് വഴിവെച്ചേക്കും. സൗജന്യ വാക്സിനേഷൻ ഉടൻ നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആർടിപിസിആർ പരിശോധന കൃത്യമായി ചെയ്തിരുന്നെങ്കിൽ രോഗവ്യാപനം നേരത്തെ കണ്ടെത്താമായിരുന്നു. പരീക്ഷകൾ നടത്തണമെന്നാണ് അഭിപ്രായമെന്നും ഐ എം എ വ്യക്തമാക്കി.
രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപന ശേഷി കൂടുതലാണ്. ഒരാളിൽ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയും. അടുത്ത രണ്ടാഴ്ചകൾ വളരെ നിർണായകമായതിനാൽ മൈക്രോ കണ്ടെയ്ന്‍മെന്റ്, കർഫ്യൂ പോലെയുള്ള കർശന നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ പി. റ്റി സക്കറിയാസ് പറഞ്ഞു.
പൂരങ്ങൾ, പെരുന്നാളുകൾ അതുപോലെതന്നെ റംസാനോടനുബന്ധിച്ച് ഉള്ള ഇഫ്താർ പാർട്ടികൾ അങ്ങനെയങ്ങനെ കൂട്ടം കൂടലുകൾ ഉണ്ടാകുന്ന അവസ്ഥകൾ ധാരാളമാണ്. ഇതെല്ലാം ഒഴിവാക്കണം. ആർടിപിസിആർ ടെസ്റ്റുകൾ ഇനിയും വർദ്ധിപ്പിച്ച് ദിനംപ്രതി ഒരുലക്ഷത്തിലധികം ആക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സിനേഷന്‍ കൂടുതൽ വേഗത്തിലാക്കണം. വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. കൂടുതൽ വാക്‌സിനേഷന്‍ സെന്ററുകൾ സ്വകാര്യമേഖലയിൽ അടക്കം അനുവദിക്കുകയും തിരക്ക് പരമാവധി ഒഴിവാക്കുകയും ചെയ്യണം.
ജനിതകമാറ്റം സംഭവിച്ച വൈറസുകൾ ആണ് ഇത്തരത്തിൽ രോഗവ്യാപനം തീവ്രമാക്കിയത് എന്ന് നാം മനസ്സിലാക്കണം. ഈ ജനിതക മാറ്റങ്ങളുടെ പഠനങ്ങളും അടിയന്തരമായി നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ ആവിഷ്‌കരിക്കുന്നതിന് സാധ്യമാകൂ. കഴിഞ്ഞ തരംഗത്തിൽ ഉണ്ടായ രോഗികളുടെ, രോഗാവസ്ഥകളുടെ ഡാറ്റ വേണ്ട രീതിയിൽ പഠനം നടത്താതെയിരുന്ന സാഹചര്യത്തിൽ ഇന്നത്തെ തരംഗത്തെ അതിജീവിക്കുന്ന പ്രക്രിയ വേണ്ടവിധത്തിൽ നടത്താൻ സാധിക്കാതെ വന്നു എന്നു കൂടി നാം മനസ്സിലാക്കണം. രോഗാവസ്ഥയെ കുറിച്ചുള്ള ഇത്രയും ഡാറ്റ ഉണ്ടായിട്ടും കൃത്യമായ പഠനങ്ങൾ കേരളത്തിൽ നിന്നുണ്ടായില്ലെന്നും ഐഎംഎ ഭാരവാഹികൾ കുറ്റപ്പെടുത്തി.