ഹൈക്കോടതിതള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീൽ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തള്ളി മന്ത്രി കെ.ടി. ജലീൽ. ഹൈക്കോടതിയും മുൻ ഗവർണർ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീൽ പറഞ്ഞു. പൂർണമായ വിധിപ്പകർപ്പ് കിട്ടിയശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത ഡിവിഷൻ ബെഞ്ച് വിധിച്ചത്. ജലീൽ ബന്ധു അദീബിനെ ന്യൂനപക്ഷ കോർപ്പറേഷനിൽ നിയമിച്ചത് ചട്ടലംഘനമാണ്.
ജലീലിനെതിരായ ആരോപണം പൂർണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു. ബന്ധുവിന് വേണ്ടി യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം. വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നൽകിയിരുന്നത്. പരാതിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു.