ടെക്‌സസിൽ വെടിവെപ്പ്; ഒരാൾ മരിച്ചു; നാൽ പേർക്ക് ഗുരുതര പരിക്ക്

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ നാൽ പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കൻ ടെക്‌സസ് നഗരമായ ബ്രയാനിലെ വ്യവസായ പാർക്കിൽ പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം 2.30ന് ആണ് വെടിവെപ്പുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. വ്യവസായ പാർക്കിലെ തൊഴിലാളിയാണ് വെടിവെപ്പ് നടത്തിയതെന്നാണ് കരുതുന്നത്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
അമേരിക്കയിലെ തോക്ക് സംസ്‌കാരത്തെ പകർച്ചവ്യാധിയെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ജോ ബൈഡൻ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വെടിവെപ്പുണ്ടാകുന്നത്.