ല​തി​കാ സു​ഭാ​ഷ് എ​ഐ​സി​സി അം​ഗ​ത്വം രാ​ജി​വ​ച്ചു


കോട്ടയം: സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാതിരുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് രാജിക്കത്തിൽ ലതിക വ്യക്തമാക്കിയിട്ടുണ്ട്. കോൺ‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച മുല്ലപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികയുടെ നടപടി വൻ വാർത്തായായിരുന്നു. 

പിന്നാലെ അവർ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഏറ്റുമാനൂർ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ലതികയ്ക്ക് മറ്റൊരിടത്തും പരിഗണന ലഭിക്കാതിരുന്നതാണ് അവരെ ചൊടിപ്പിച്ചത്. കേരള കോൺ‍ഗ്രസ്−ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് നൽകേണ്ടി വന്നതാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാത്തതിന്‍റെ കാരണമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റൊരു മണ്ഡലത്തിലേക്ക് പേർ പരിഗണിക്കണമെന്ന് ലതിക ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രതിഷേധം നിർഭാഗ്യകരമാണെന്നും നേതൃത്വം വ്യക്തമാക്കി. അതിനിടെ ലതിക ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. ലതികയെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടരുകയാണ്.

You might also like

Most Viewed