തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫിറോസ് കുന്നംപറന്പിൽ തന്നെ മത്സരിക്കും

മലപ്പുറം:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫിറോസ് കുന്നംപറന്പിൽ തന്നെ മത്സരിക്കും. നിലന്പൂരിൽ വി.വി പ്രകാശും മത്സരിക്കും. ഔദ്യോഗികമായസ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് താൻ മത്സര രംഗത്തുനിന്ന് പിന്മാറുകയാണെന്ന് ഫിറോസ് കുന്നംപറന്പിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സന്തോഷത്തോടെ ഞാൻ മാറി നിൽക്കുകയാണ് ഒരിക്കലും ഞാൻ ആഗ്രഹിച്ചതല്ല മത്സരിക്കാൻ, ആരെയും മാറ്റി നിർത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട ഫിറോസ് കുന്നംപറന്പിൽ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരുന്നു.
തുടർന്ന് യൂത്ത് കോണ്ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാൽ വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫിറോസ് മത്സരിക്കാൻ സമ്മതം അറിയിച്ചതായി കോൺഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു. ഇതിനിടെ തവനൂരിലെ സിറ്റിങ് എംഎൽഎ മന്ത്രി കെ.ടി ജലീൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.