വി.കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റില്ല. ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലൻസ് പിൻവലിച്ചു. ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ കോടതി ഇന്നലെ നിരാകരിച്ചിരുന്നു. മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ കസ്റ്റഡിയിൽ നൽകാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതേ തുടർന്ന് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടുവച്ചു. ഇതു ജില്ലാ മെഡിക്കൽ ഓഫിസറുടെയും വിദഗ്ധ ഡോക്ടർമാരുടെയും തീരുമാനം അനുസരിച്ച് പരിഗണിക്കാമെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന് മെഡിക്കൽ ഓഫിസറും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലൻസ് പിൻവലിച്ചത്.