ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് മൗനം എന്തിന്?; കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമർശനം


കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. എം ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റംസിനോട് ചോദിച്ചു. പതിനൊന്നാം മണിക്കൂറിൽ ശിവശങ്കറിന്റെ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ആരാഞ്ഞു. ശിവശങ്കറിന്റെ കുറ്റം ഗൗരവമുളളതാണെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തെ അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു.

എം. ശിവശങ്കറിനെ കസ്റ്റംസിന് പേടിയാണോയെന്ന് ചോദിച്ച കോടതി രേഖകളിൽ മാധവൻ നായരുടെ മകൻ ശിവശങ്കർ എന്നു മാത്രമാണ് ചേർത്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഉന്നതപദവികളെ കുറിച്ച് കോടതി രേഖയിൽ പറയുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഇതിന് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി. നാലുമാസമായി ഒന്പത് തവണ ശിവശങ്കറിനെ ചോദ്യം ചെയ്‌തെന്നും ഒരു തെളിവും കണ്ടെത്തിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ശിവശങ്കറിനെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത്രയും നാൾ നൽകാതിരുന്ന മൊഴി സ്വപ്‌ന ഇപ്പോൾ നൽകിയത് സംശയകരമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ശിവശങ്കർ ഹാജരായിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed