കോവിഡ് ആശങ്ക കുറയുന്നില്ല: ഇന്ന് സംസ്ഥാനത്ത് 1417 പേർക്ക് കൂടി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1242 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗമുക്തി നേടിയത് 1426 പേർ. ഇന്ന് അഞ്ചു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ (68), കണ്ണൂർ കോളയാട് കുന്പ മാറാടി (75), തിരുവനന്തപുരം വലിയ തുറ മണിയൻ (80), ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 72 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. അതിൽ 105 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കും പുതിയതായി രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21625 പരിശോധനകളും നടത്തി.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ: തിരുവന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂർ 32, കണ്ണൂർ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി നാല്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനവും നടക്കുന്നുണ്ട്. ആലപ്പുഴ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തുടരുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.